Saturday, November 13, 2010

എന്റെ (മുടിഞ്ഞ) പ്രണയം.

ഇച്ചിരെ പഴേ സംഭവമാണ്...
ഒരു മുടിഞ്ഞ പ്രേമകഥ.. ഇതെത്ര കേട്ടിരിക്കുന്നു എന്ന് പറയാന്‍ വരട്ടെ!
എഴാം ക്ലാസ്സുമുതല്‍ ഞാന്‍ ആരോടും പറയാതെ കൊണ്ടുനടക്കുന്ന കാര്യമാണ്!!! പിന്നെ നിങ്ങള്‍ എങ്ങിനെ അറിയാനാണ്.
എഴാം ക്ലാസ്സ്‌എന്ന് പറയുമ്പോള്‍ പലതും വളര്‍ന്നു വരുന്ന പ്രായം, എല്ലാ അര്‍ത്ഥത്തിലും.. മറ്റുള്ളവരുടെ കണ്ണില്‍ നമ്മള്‍ മൊട്ടേന്നു വിരിഞ്ഞിട്ടില്ലെങ്കിലും നമ്മുടെ കണ്ണില്‍ നമ്മള്‍ എല്ലാം തികഞ്ഞവരാണെന്ന് തോന്നിത്തുടങ്ങുന്ന സമയം! ഇന്ന് നോക്കുമ്പോള്‍ ഞാനും എല്ലാവരെയും പോലെ ഒരു സാധാരണ വിദ്യാര്‍ഥി മാത്രമാണെങ്കിലും അന്നത്തെ വിചാരം അങ്ങനെയല്ല... ആ വിചാരത്തിന്റെ കഥയാണിത്!!!

എല്ലാ കഥകളിലെയും പോലെ തന്നെ കഥാനായകന്‍ ഞാന്‍ തന്നെയാണ്, നായിക ക്ലാസ്സിലെ ഏറ്റവും മിടുക്കിയും, പഠിത്തക്കാരിയും, സുന്ദരിയും... എന്ന് കരുതിയെങ്കില്‍ തെറ്റി.. പിന്നെയുള്ള സാധ്യതകള്‍ ആലോചിച്ചുനേരം കളയണ്ടാ... കഥാനായിക മറ്റാരുമല്ല, എന്റെ മലയാളം ടീച്ചര്‍തന്നെയാണ് എന്റെ കഥയിലെ നായിക!!!

"കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി..."

മധുരസുന്ദര ശബ്ദത്തില്‍ ഈ കവിത അപ്പുറത്തെ ക്ലാസ്സില്‍ നിന്നും കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ ശബ്ദത്തിന്റെ ഉടമയെ സ്വപ്നം കാണാന്‍ തുടങ്ങി! ആദ്യ ദര്‍ശനത്തിനു മുമ്പുതന്നെ എന്നില്‍ പ്രണയം മൊട്ടിട്ടു! അതായത് അനുരാഗ വിലോചനനായി.....

ഏറെ കാത്തിരിക്കേണ്ടിവന്നില്ല, അടുത്ത പിരീഡില്‍ തന്നെ ആ മധുരസുന്ദര ശബ്ദം ഞങ്ങളുടെ ക്ലാസ്സിലുമെത്തി. ടീച്ചര്‍ ഗുഡ് മോര്‍ണിംഗ് പറഞ്ഞപ്പോളാണ് എനിക്ക് മനസ്സിലാകുന്നത്‌, ഇതാ ഞാന്‍ കാത്തിരുന്ന ശബ്ദത്തിന്റെ ഉടമ എന്റെ മുമ്പില്‍!! എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.... ( ഇന്നാണെങ്കില്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിച്ചാല്‍ മതിയായിരുന്നു). ടീച്ചര്‍ പരിചയപ്പെടലിന്റെ ഭാഗമായി മനോഹര ശബ്ദത്തില്‍ പേര് പറഞ്ഞു..
"മിനി"
ആ പേര് എന്റെ ഹൃദയം നൂറാവര്‍ത്തി ഏറ്റുപറഞ്ഞു..
"മിനി..., മിനി ടീച്ചര്‍...., എന്റെ മിനി ടീച്ചര്‍......"

ഞാന്‍ എന്റെ ടീച്ചറെ ഒളികണ്ണിട്ടു നോക്കി, ടീച്ചറിന്റെ രൂപവും എന്റെ അന്നു വരെയുള്ള സൌന്ദര്യസംഗല്പ്പങ്ങളുമായി തീരെ ചേര്‍ച്ചകാണുന്നില്ല! എങ്കിലും ആ മധുരസുന്ദര ശബ്ദം.... അതിന്റെ മുമ്പില്‍ മറ്റെന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു...

ടീച്ചര്‍ ക്ലാസ്സിലെത്തിയാല്‍ പിന്നെ ഞാന്‍ ടീച്ചറുടെ വായില്‍ തന്നെ നോക്കി ഇരിക്കും. ടീച്ചരെങ്ങാനും എന്റെ മുഖത്തൊന്ന് നോക്കിയാല്‍ എന്റെ മുഖം നാണംകൊണ്ട് തുടുക്കും, പിന്നെയും കൊള്ളിയാനുകള്‍ മിന്നും..... ചുരിക്കിപ്പറഞ്ഞാല്‍,
അതുവരെ സ്കൂളില്‍ പോകാന്‍ ഒരു താല്പര്യവുമില്ലാതിരുന്ന ഞാന്‍ അന്നു മുതല്‍ പുതിയ ഒരാളായി മാറി! ക്ലാസ്സില്‍ നല്ലകുട്ടിയായി, ഹോംവര്‍ക്ക് മുടങ്ങാതെ ചെയ്യാന്‍ തുടങ്ങി,  ടീച്ചര്‍ എല്ലാ കാര്യത്തിനും എന്നെ വിളിക്കാന്‍ തുടങ്ങി... അങ്ങനെ എന്റെ ദിവ്യപ്രേമം പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ വളരെ ഭംഗിയായി മുമ്പോട്ട്‌ പോയ്ക്കൊണ്ടിരുന്നപ്പോഴാണ് ഓണപ്പരീക്ഷ തുടങ്ങുന്നത്. എന്റെ പ്രേമം ഒന്നുകൂടി ഉറപ്പിക്കാനുള്ള ഒരവസരമായി ഞാന്‍ പരീക്ഷയെ കണ്ടു! കുത്തിയിരുന്ന് പഠിച്ചു......റിസള്‍ട്ട് വന്നപ്പോള്‍....
ഇവിടെയും കഥയില്‍ വഴിത്തിരിവൊന്നും ഉണ്ടാകുന്നില്ലാ!!

കുത്തിയിരുന്ന് പഠിച്ചതിനു ഫലം കിട്ടി! എനിക്കുതന്നെ ഒന്നാം റാങ്ക്!!!!!

ടീച്ചറെന്നെ ചേര്‍ത്ത് പിടിച്ചു അഭിനന്ദിച്ചു.... ഇപ്രാവശ്യം മനസ്സില്‍ കൊള്ളിയാന് പകരം വെള്ളിടി തന്നെ വെട്ടി... ഏറെ നാളായി ഞാന്‍ കൊതിക്കുന്ന നിമിഷം. ടീച്ചരെന്റെ തൊട്ടരികത്തു, എന്നെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്നു!!!! എനിക്ക് ടീച്ചറെ കെട്ടിപ്പിടിക്കാന്‍ തോന്നി, ടീച്ചറെ എന്റെ മാറോടണച്ചു പിടിക്കാന്‍ ഒരു മോഹം! പക്ഷെ വിവേകം വികാരത്തെ കീഴ്പ്പെടുത്തി.... ടീച്ചറെ മാറോടണക്കിപ്പിടിക്കണമെങ്കില്‍ ചുരുങ്ങിയത് ഞാന്‍ ഒരു ബെഞ്ചിന്റെ മുകളിലെങ്കിലും കയറി നില്‍ക്കണം.....

അങ്ങിനെ റാങ്കിന്റെ സന്തോഷത്തില്‍ എന്റെ മിനിടീച്ചറുടെ കരവലയത്തിനുള്ളില്‍ അഭിമാനത്തോടെ നിന്ന് ക്ലാസ്സിലൂടെ കണ്ണോടിക്കുമ്പോഴാണ് രണ്ടു ഉണ്ടക്കണ്ണുകള്‍ എന്നെ തുറിച്ചുനോക്കുന്നത് ഞാന്‍ കണ്ടത്. അതുവരെ ക്ലാസ്സിലെ ഒന്നാംസ്ഥാനം അലങ്ഗരിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി. ഇവിടെ കഥയില്‍ വില്ലത്തി പ്രവേശിക്കുകയായി!!!!

ക്ലാസ്സില്‍ ഞാന്‍ ഒന്നാമനായതോട് കൂടി വില്ലത്തിക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം വന്നതുപോലെ. അതുവരെ എന്റെ വലതുവശത്തെ ബെഞ്ചിലിരുന്നു ഇടതുവശത്തോട്ടു ഒരിക്കല്‍ പോലും നോക്കിയിട്ടില്ലാത്ത അവള്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് നോക്കുന്നു, പുഞ്ചിരിക്കുന്നു!! പക്ഷെ ഇതുകൊണ്ടൊന്നും എന്നിലെ ദിവ്യപ്രേമത്തിന്റെ അളവുകുറക്കാന്‍ സാധ്യമായിരുന്നില്ല. ഇടക്കൊക്കെ അവളുടെ ചുവന്ന അധരങ്ങളും, തുടുത്ത കവിളിണകളും കാണുമ്പോള്‍ ഇതല്ലായിരുന്നോ എന്റെ സംഗല്‍പ്പത്തിലെ രൂപം എന്നും, അവളുടെ കൊഴുത്ത സ്വര്‍ണ്ണവര്‍ണ്ണമുള്ള കണംകാലുകളെ തഴുകിക്കിടക്കുന്ന പാദസരങ്ങള്‍ കാണുമ്പോള്‍ ഇതിനെക്കുറിച്ചല്ലേ എന്റെ ടീച്ചര്‍ പാടിയത് എന്നുമൊക്കെ ഓര്‍ക്കുമെങ്കിലും എന്റെ പ്രേമം ദിവ്യവും, പരിശുദ്ദവും, പരിപൂര്‍ണ്ണവുമായിരുന്നതുകൊണ്ട് ഞാന്‍ ആ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനിന്നു!

ഒടുവില്‍,..... ആ ദിവസം.... അന്നു എന്റെ മിനിടീച്ചരിനുപകരം ക്ലാസ്സില്‍ വന്നത് മറ്റൊരു ടീച്ചറായിരുന്നു!!!!
ആ ദിവസവും, ആ ടീച്ചറെയും ഞാന്‍ ഇന്നും വെറുക്കുന്നു!!! കാരണം ആ ടീച്ചര്‍ അന്നു ക്ലാസില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ഇടിമുഴക്കമായി എന്റെ മനസ്സില്‍ നിലനില്‍ക്കുന്നു!! ആ താടക പറയുകയാണ്‌....
"മിനിടീച്ചര്‍ ഇനി കുറെ നാളത്തേക്ക് വരില്ല, പകരം ഞാനാണ് ക്ലാസ് എടുക്കുക" എന്റെ മനസ്സിലെ ലഡ്ഡുക്കള്‍ ഒന്നൊന്നായി പൊട്ടാന്‍ തുടങ്ങി... ബാക്കി കൂടി കേട്ടപ്പോള്‍ എന്റെ തലയില്‍ ആരോ കൂടം വച്ച് അടിക്കുന്നതുപോലെ തോന്നി!!! ടീച്ചര്‍ പ്രസവ അവധിയിലാണത്രെ! അതും രണ്ടാമത്തേത്!

അപ്പോഴാണ്‌ ടീച്ചര്‍ വിവാഹം കഴിച്ച കാര്യം പോലും ഞാന്‍ അറിയുന്നത്.... പൊട്ടിത്തകര്‍ന്ന മനസ്സോടെ ഞാന്‍ നോക്കിയത് എന്റെ വലത്തോട്ടായിരുന്നു.
അവിടെ ഇരുന്നു വില്ലത്തി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്റെ ചുണ്ടിലും അറിയാതെ ഒരു ചിരി വിടര്‍ന്നു!

വാല്‍ക്കഷണം :
ആ വില്ലത്തി എന്റെ ഇടത്തും, വലത്തും ഇപ്പോഴുമുണ്ട്.... വീട്ടത്തിയായിട്ടു!!

Monday, November 8, 2010

ബൂലോക പ്രവേശനം

         ബൂലോക പ്രവേശനം ബ്ലോഗുകള്‍ക്ക്‌ വിധേയമായി നിയന്ത്രിച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ഞാനും അവസാനം ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തീരുമാനിച്ചു!

അല്ലെങ്കിലും ആര്‍ക്കും എപ്പോഴും കേറി മേയാന്‍ പാകത്തില്‍ കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റാന്റ് പോലെയാണല്ലോ ഇവിടം! ആളുകള്‍ വരും പോകും, ചിലര്‍ക്ക് ഒറ്റ യാത്ര കൊണ്ട് മടുക്കും, ചിലര്‍ സ്ഥിരമായി യാത്ര ചെയ്യും...  വേറെ ഒരു കൂട്ടരുണ്ട് വെറുതെ കമന്റ് അടിക്കാന്‍ വരുന്നവര്‍... ലവന്മാര്‍ക്കു വേറെ പണിയൊന്നുമില്ല, പക്ഷെ പണികൊടുക്കാന്‍ മിടുക്കന്മാരയിരിക്കും!!! ഈ മിടുക്കന്മാരില്‍ മിടുമിടുക്കനായിരുന്നു ഈ ഞാനും. അങ്ങനെയുള്ള ഞാനിതാ സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ പോകുന്നു!!!!

ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ ഞാന്‍ ആദ്യം പറയുന്നത് സ്ഥിരം ബ്ലോഗ്ഗറായ എന്റെ സ്വന്തം സുഹൃത്തിനോടായിരുന്നു. ഈ ചിന്ത മനസ്സില്‍ വന്ന ഉടനെതന്നെ ഉണ്ടായ ആവേശം, ആവി, പരവേശം.... ഓഹ്ഹ്ഹ്ഹ.... ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി വെള്ളം എടുത്തു മടമടാ കുടിച്ചിട്ട് ഓടിച്ചെന്നു ലവനോട് ബൂലോകം പ്രകമ്പനം കൊള്ളാന്‍ പാകത്തിലുള്ള ഈ വാര്‍ത്ത പറഞ്ഞപ്പോള്‍ തന്നെ അവന്‍ ആദ്യത്തെ കമന്റ് ഇട്ടു......

"പാറ്റാക്കും പല്ലോ"!!!!!!!!!!!

വാമൊഴിയായി കിട്ടിയ ആദ്യ കമന്റില്‍ നിന്നും പ്രചോതനമുള്‍ക്കൊണ്ട് ഞാനിതാ തുടങ്ങുന്നു...............(എന്നാലും ആ പണ്ടാരക്കാലന്‍ അങ്ങനെ പറഞ്ഞല്ലോ! ലവനൊക്കെ എന്തോരം കമന്റ് ഇട്ടിരിക്കുന്നു? ഹിറ്റിന്റെ കാര്യമാണെങ്കില്‍ പറയണ്ട! ആ എന്നെങ്കിലും നമ്മടെ മാവും പൂക്കും.... അന്നു നോക്കി മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു!!)

എന്റെ പ്രിയ ബൂലോകരേ.... ഇതുവരെയും അനോണിയായി കമെന്റിട്ടു നടന്ന ഈ മുടിയനായ പുത്രന്റെ മാനസാന്തരം സ്വീകരിക്കേണമേ..... കമെന്റുകള്‍ കൊണ്ട് എന്നെ അനുഗ്രഹിക്കണേ... (ലവനെ തോല്‍പ്പിക്കണം!)...  ഞാന്‍ കമന്റിട്ട ആരെങ്കിലും എന്നെ തിരിച്ചരിഞ്ഞിട്ടുന്ടെങ്കില്‍ "അതെല്ലാം മറന്നേക്കൂ"...

പാറ്റാക്കു പല്ല് മുളച്ചതാണോ, അതോ കുതിരക്ക് കൊമ്പ് മുളച്ചതാണോ, അതോ അട്ടക്ക് കണ്ണ് കിട്ടിയതോ.... എന്നതാണേലും ഞാനിതേ തൊടങ്ങുവാ...

""""""""""""""""""""""(((((((((((((( ഠോ )))))))))))))))""""""""""""""""""""""""

(വല്യ ഒരു തേങ്ങ ഞാന്‍ തന്നെ ഉടച്ചു... നമ്മക്കൊക്കെ വേറെ ആര് ഉടക്കാനാ??)